തിരുവനന്തപുരം: എകെജി സെന്ററിലെ ഡ്രൈവറെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്. ഡ്രൈവർ പി.കെ അനൂപിന് മർദ്ദനമേറ്റിട്ടില്ലെന്ന് റെയിൽവേ എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഡ്രൈവറും പോലീസും തമ്മിൽ ഉണ്ടായത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽവച്ച് പോലീസുകാർ ആക്രമിച്ചെന്നായിരുന്നു പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോൾ ആക്രമിച്ചെന്ന് കാട്ടിയാണ് അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പോലീസുകാർക്കെതിരെയായിരുന്നു പരാതി. . ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നായിരുന്നു പരാതി.